Saturday, May 19, 2007

ദശാസന്ധി (കവിത)

ഘടികാരത്തില്‍
ചെറുതും വലുതുമായ സൂചികള്‍
ഇണ ചേരുന്ന സമയം-
അവള്‍ ഉറങ്ങിയിരിക്കണം....

നിഗൂഢമായ
സുഷുപ്തിയില്‍ അവളിപ്പോള്‍
കളിവീട് മെനഞ്ഞിരിക്കാം.
മെലിഞ്ഞ നഗ്നതയില്‍
പട്ടു വസ്ത്രങ്ങള്‍ ആര്‍ത്തിയോടെ-
ഇറുകി രമിച്ചിരിക്കും.
എങ്കിലും....
നിദ്രയുടെ ദുഖകരമായ
പര്യവസാനത്തിന് സമയമായിട്ടില്ല.

എന്റെ-
കറുത്ത ശരീരത്തിലേക്ക്
വാക്കുകള്‍ കൊണ്ട് കല്ലെറിഞ്ഞും,
ഉണരാന്‍-
സമയമായിട്ടില്ലെന്ന തോന്നലില്‍
പുതപ്പിന്റെ ഓരങ്ങളെ
കൈക്കുഞ്ഞിനെ പോലെ തലോടിയും,
അവളീരാവിനേയും ആര്‍ദ്രമാക്കും.

അവള്‍ക്ക്
പ്രണയമെന്നത്-
കീറക്കടലാസില്‍ ഞാന്‍ വരച്ച് വെച്ച-
അസ്തമിക്കാത്ത സൂര്യനും വാടാത്ത പൂവുമാണ്.
പാതിയില്‍ വിട്ടുപോയ
അഭൌമ സംഗീതം പോലെ
അവളെന്നെ ഇപ്പോഴും അസ്വസ്ഥനാക്കുന്നു....

എനിക്ക് തോന്നുന്നത്
സപ്ത സാഗരങ്ങളില്‍
ഒന്നാണവളെന്ന്;-
അത്രയ്കുമുണ്ട് തൂകിയ കണ്ണുനീരവളില്‍.
വ്യാകുലതയുടെ-
കൊടുങ്കാറ്റുകള്‍ക്കൊന്നിനും, അവളെ
നിരുത്സാഹിയാക്കുവാനായില്ല.
അവള്‍ ഇപ്പോള്‍ ഉറങ്ങിയിരിക്കും....

അലിവിന്റെ
നിശാവസ്ത്രം മാറ്റിവെച്ച്
സങ്കടപ്പുതപ്പ് കൊണ്ട് മനസ്സ് മൂടിയും,
തലയറുത്ത-
കോഴിയുടെ സങ്കടം കാണവയ്യാതെ
ജീവിതത്തിലെ അത്താഴം മുടക്കിയും,
അവളീരാവിന്റെ ഈറനില്‍ മിഴി പൂട്ടിയിരിക്കും.

വെയിലും, മഞ്ഞും,
പ്രണയത്തിന് സമ്മതം മൂളുന്ന
തണുത്ത സായാഹ്നത്തില്‍,
മോഷ്ടിക്കപ്പെടുന്ന-
പ്രണയത്തിന്റെ സുരക്ഷയ്ക്കായി
ഹൃദയത്തിന്റെ സാക്ഷ അവള്‍ മുറുക്കിയിരിക്കും.

സമുദ്രത്തിലെ-
അഗാധ മൌനത്തില്‍
മിഴിപൂട്ടാതുറങ്ങുന്ന
പേരറിയാത്ത മത്സ്യകുഞ്ഞിനെ പോലെ
അവളിപ്പോള്‍ ഉറങ്ങിയിരിക്കണം.
കാരണം...
അവളുടെ ജീവിത
ഘടികാരത്തില്‍ പകുതി സമയവും-
തീര്‍ന്നുപോയിരിക്കുന്നുവല്ലോ...


Labels: ,

1 Comments:

Blogger Unknown said...

'അവള്‍ക്ക്
പ്രണയമെന്നത്-
കീറക്കടലാസില്‍ ഞാന്‍ വരച്ച് വെച്ച-
അസ്തമിക്കാത്ത സൂര്യനും വാടാത്ത പൂവുമാണ്.
പാതിയില്‍ വിട്ടുപോയ
അഭൌമ സംഗീതം പോലെ
അവളെന്നെ ഇപ്പോഴും അസ്വസ്ഥനാക്കുന്നു....'

കുട്ടുമാ,

നന്നായിട്ടുണ്ട്.
പ്രണയം കവിതയുടെ വറ്റാത്ത ഉറവയാകുമ്പോഴും,അതില്‍ നിന്നും പുറപ്പെട്ടു വേറിട്ടൊഴുകുന്ന ഈ കുഞ്ഞരുവി.

അഭിനന്ദനങ്ങള്‍.......

Sunday, May 20, 2007 10:00:00 AM  

Post a Comment

<< Home