Tuesday, April 24, 2007

മേഘസന്ദേശം (കവിത).

ആകാശത്തോടിടഞ്ഞ്,
അതിര്‍ത്തികളോടടരാടി
മദമിളകി പോകും മേഘമേ....
നീയെന്നമ്മയോട് പറയുക

ഇവിടെ, എനിക്ക്-
ആത്മസമര്‍പ്പണ ദിനമാണെന്ന്.
ഹൃദയത്തില്‍,
നഷ്ടസ്നേഹത്തിന്‍ കലണ്ടര്‍ കീറുന്ന-
എന്റെ പെണ്ണിനോട് പറയുക-
“ഇനിയെങ്കിലും,
വരാതിരിക്കാന്‍ കാരണമവനില്ല”ന്ന്.
അച്ഛന്റെ
കല്ലറയില്‍, കരിന്തിരി കൊളുത്തും-
എന്റെ കൊച്ചു പെങ്ങളോട്
നീ സഹതപിക്കുക-
“അവന്റെ വിധിയില്‍ നിനക്ക് പങ്കൊന്നുമില്ലെന്ന്...”
സന്ധ്യയില്‍,
സഹനത്തിന്റെ നാമം ജപിക്കുന്ന
മുത്തശ്ശിയുടെ,
ഹൃദയത്തിലൂടൊന്നു നീ വീശുക.
സൌഹൃദം പറഞ്ഞ്,
സ്നേഹം ബാക്കിവെച്ച് പോയ-
സുഹൃത്തിന്റെ കുഴിമാടത്തില്‍-
നീയൊരല്പം വിശ്രമിക്കുക....

Labels: ,