Saturday, May 19, 2007

ദശാസന്ധി (കവിത)

ഘടികാരത്തില്‍
ചെറുതും വലുതുമായ സൂചികള്‍
ഇണ ചേരുന്ന സമയം-
അവള്‍ ഉറങ്ങിയിരിക്കണം....

നിഗൂഢമായ
സുഷുപ്തിയില്‍ അവളിപ്പോള്‍
കളിവീട് മെനഞ്ഞിരിക്കാം.
മെലിഞ്ഞ നഗ്നതയില്‍
പട്ടു വസ്ത്രങ്ങള്‍ ആര്‍ത്തിയോടെ-
ഇറുകി രമിച്ചിരിക്കും.
എങ്കിലും....
നിദ്രയുടെ ദുഖകരമായ
പര്യവസാനത്തിന് സമയമായിട്ടില്ല.

എന്റെ-
കറുത്ത ശരീരത്തിലേക്ക്
വാക്കുകള്‍ കൊണ്ട് കല്ലെറിഞ്ഞും,
ഉണരാന്‍-
സമയമായിട്ടില്ലെന്ന തോന്നലില്‍
പുതപ്പിന്റെ ഓരങ്ങളെ
കൈക്കുഞ്ഞിനെ പോലെ തലോടിയും,
അവളീരാവിനേയും ആര്‍ദ്രമാക്കും.

അവള്‍ക്ക്
പ്രണയമെന്നത്-
കീറക്കടലാസില്‍ ഞാന്‍ വരച്ച് വെച്ച-
അസ്തമിക്കാത്ത സൂര്യനും വാടാത്ത പൂവുമാണ്.
പാതിയില്‍ വിട്ടുപോയ
അഭൌമ സംഗീതം പോലെ
അവളെന്നെ ഇപ്പോഴും അസ്വസ്ഥനാക്കുന്നു....

എനിക്ക് തോന്നുന്നത്
സപ്ത സാഗരങ്ങളില്‍
ഒന്നാണവളെന്ന്;-
അത്രയ്കുമുണ്ട് തൂകിയ കണ്ണുനീരവളില്‍.
വ്യാകുലതയുടെ-
കൊടുങ്കാറ്റുകള്‍ക്കൊന്നിനും, അവളെ
നിരുത്സാഹിയാക്കുവാനായില്ല.
അവള്‍ ഇപ്പോള്‍ ഉറങ്ങിയിരിക്കും....

അലിവിന്റെ
നിശാവസ്ത്രം മാറ്റിവെച്ച്
സങ്കടപ്പുതപ്പ് കൊണ്ട് മനസ്സ് മൂടിയും,
തലയറുത്ത-
കോഴിയുടെ സങ്കടം കാണവയ്യാതെ
ജീവിതത്തിലെ അത്താഴം മുടക്കിയും,
അവളീരാവിന്റെ ഈറനില്‍ മിഴി പൂട്ടിയിരിക്കും.

വെയിലും, മഞ്ഞും,
പ്രണയത്തിന് സമ്മതം മൂളുന്ന
തണുത്ത സായാഹ്നത്തില്‍,
മോഷ്ടിക്കപ്പെടുന്ന-
പ്രണയത്തിന്റെ സുരക്ഷയ്ക്കായി
ഹൃദയത്തിന്റെ സാക്ഷ അവള്‍ മുറുക്കിയിരിക്കും.

സമുദ്രത്തിലെ-
അഗാധ മൌനത്തില്‍
മിഴിപൂട്ടാതുറങ്ങുന്ന
പേരറിയാത്ത മത്സ്യകുഞ്ഞിനെ പോലെ
അവളിപ്പോള്‍ ഉറങ്ങിയിരിക്കണം.
കാരണം...
അവളുടെ ജീവിത
ഘടികാരത്തില്‍ പകുതി സമയവും-
തീര്‍ന്നുപോയിരിക്കുന്നുവല്ലോ...


Labels: ,

Monday, May 14, 2007

മരിച്ചവന്......(കവിത)

ഇനി

നീ വരില്ല.

സ്നേഹത്തിന് കാവല്‍ നില്‍കാന്‍,

സൌഹൃദത്തിന്റെ-

മാമ്പഴം മുറിക്കാന്‍,

ഇനി നീ വരില്ല.

പേകിനാവുകള്‍ക്ക്

മദ്യം വിളമ്പി

ചെറുചിരിയുടെ

മഴനനയാന്‍

ഇനി നീ വരില്ല.

നീ കുടിച്ചാത്മഹത്യ ചെയ്തത്-

എന്റെ സ്നേഹത്തിലെ

വിഷമായിരുന്നോ...?

അര്‍ദ്ദവിരാമ-

മിട്ട വാക്യം പോലെ, നീയൊ-

ളിപ്പിച്ച ചുണ്ടിലെ മൌനം

പൂര്‍ത്തീകരിക്കുവാനെങ്കിലും,

ഇനി നീ വരില്ല.

ചിതയിലെ

ചാരത്തിനോ,

നിമഞ്ജനം ചെയ്ത-

കടലിനോ,

നിന്നെ തിരിച്ചയക്കാനാവില്ല.

കാരണം,

നീ അത്രയ്കും അഭിമാനിയായിരുന്നല്ലോ!

Labels: ,

Tuesday, May 8, 2007

നളിനിയേട്ടിക്ക്.....(കവിത)

ഒന്നും- വിസ്മരിക്കുന്നില്ല ഞാന്‍ പെങ്ങളെ.
ഇറ്റു വീഴുന്ന- നാവിലെ ഓര്‍മ്മകള്‍,
പെറ്റ നാള്‍ മുതല്‍ ലാളിച്ച ശൈശവം,
ഒക്കയും ഓര്‍മ്മതന്നൊക്കത്ത് വെച്ച് ഞാന്‍
സഞ്ചരിക്കുന്നു ഏകനായ് വീധിയില്‍.

അന്ന്- നിങ്ങള്‍ മുറിച്ച മാമ്പഴ ചീളില്‍,
ഇന്നു ഞാനെന്റെ ശൈശവം കാണുന്നു.
അന്ന് ഞാനിട്ട- നിക്കറിന്‍ കീറില്‍,
നിങ്ങള്‍ തുന്നിയ പൂക്കളുണ്ടല്ലോ,
ഇന്നുമെന്റെ ഹൃദയതൊടികളില്‍
വിടര്‍ന്നു നില്‍ക്കുന്നു കരിയാതെയങ്ങനെ....

അന്നെന്റെ- കുഞ്ഞുവിരലില്‍ പഴുത്ത
ഛര്‍ദ്ദിതോന്നും വ്രണങ്ങളിലൊക്കെയും,
നീ പുരട്ടിയ പച്ച മരുന്നുകള്‍
ക്ലാവ് പിടിക്കാത്ത ഓര്‍മ്മയായി-
വെന്തുനില്‍ക്കുന്നു.....

ഒരിക്കലെങ്കിലും- നീയെന്നെ വിളിക്കുക-
നിന്റെ ശബ്ദം കേള്‍കുവാനെങ്കിലും...
‘മംഗളം’ പാടിയ- പാട്ടൊന്നു പാടുക,
ഉടഞ്ഞ് പോകട്ടെ, മൌനവും.....ദുഖവും....
ഒന്നും- വിസ്മരിക്കുന്നില്ല ഞാന്‍ പെങ്ങളെ,
നീ തന്ന കഞ്ഞിയുടെ ഉപ്പും,
നിന്റെ കണ്ണീരിലെ കണ്മഷിയും....!

Labels: ,